പല കാലങ്ങളെ ചലിപ്പിച്ചവരെ ഓർക്കുന്നു

പല കാലങ്ങളെ ചലിപ്പിച്ചവരെ ഓർക്കുന്നു

ജോണി എം.എൽ

പത്രപ്രവർത്തനരംഗത്തെ കുലപതിയായ എസ് ജയചന്ദ്രൻ നായർ ‘സമകാലിക മലയാളം വാരികയിൽ’ ഖണ്ഡശഃ പ്രസിദ്ധീകരിച്ച ‘റോസാദളങ്ങളും കുപ്പിച്ചില്ലുകളും’ പിന്നെ ‘റോസാദളങ്ങൾ’ മാത്രം ആവുകയും (കുപ്പിച്ചില്ലുകൾ ഇല്ലാതായപ്പോൾ റോസാദളങ്ങൾ മാത്രമായി എന്നാണ് ഗ്രന്ഥകർത്താവ് പറയുന്നത്), ആ പരമ്പരയിൽ ഉൾപ്പെടാതിരുന്ന ലേഖനങ്ങളും കൂടി ചേർത്ത് രണ്ടായിരത്തി പത്തിൽ സൈൻ ബുക്ക്സ് പ്രസിദ്ധീകരിക്കുകയും ചെയ്ത ഓർമ്മപ്പുസ്തകമാണ് ‘എന്റെ പ്രദക്ഷിണ വഴികൾ’. 


പേര് അർത്ഥസാന്ദ്രമാണ്. ഇതിൽ ഗ്രന്ഥകാരൻ എന്ന പ്രഥമപുരുഷൻ അദൃശ്യതയുടെ വക്കോളം എത്തി നിൽക്കുകയും തന്റെ കാലത്തെ ലബ്ധപ്രതിഷ്ഠരെയും സമകാലികരായ പ്രതിഭാശാലികളെയും ഒക്കെ തൂലികാചിത്രങ്ങളാക്കി അവതരിപ്പിക്കുകയും ചെയ്യുന്നു. അവർ ക്ഷേത്രങ്ങൾ ആവുകയും എഴുത്തുകാരൻ പ്രദക്ഷിണസന്നദ്ധനായ ഒരു ഭക്തൻ ആവുകയും ചെയ്യുന്നു. എന്നാൽ ഭക്തി അന്ധത നൽകുന്നില്ല. നനുത്ത വിമർശനങ്ങളിലൂടെ പരാമൃഷ്ടരായ വ്യക്തികളുടെ ജീവിതത്തിലെ ചില വീഴ്ചകളെ ജയചന്ദ്രൻ നായർ ഒന്ന് സൂചിപ്പിക്കുന്നു. 


ആ ചെറിയ സൂചനകളിലുണ്ട് ഒരായിരം വാക്കുകളിലും ഒതുങ്ങാത്ത വിമർശനഗൗരവം. ഉദാഹരണത്തിന് എം ഗോവിന്ദന്റെ കമ്മ്യൂണിസ്റ്റ് വിരോധം. എം ഗോവിന്ദൻ ആചാര്യനായിരുന്നു ഏറെപ്പേർക്കും. എന്നാൽ രണ്ടാമത്തെ വാചകത്തിൽ ആ ആചാര്യസ്ഥാനം സ്വയം എടുത്തണിഞ്ഞതാണോ എന്ന് ഗ്രന്ഥകർത്താവ് ചോദിക്കുന്നു. എന്നിട്ട് വ്യക്തിഹത്യക്കൊരുമ്പെടാതെ ഗോവിന്ദന്റെ സംഭാവനകളെ ഇഴപിരിച്ചെടുക്കുന്നു. ഈ ഒരു ആർജ്ജവം അരവിന്ദനെയും ഷാജിയേയും കുറിച്ച് പറയുമ്പോഴുണ്ട്; ജോൺ അബ്രഹാമിന്റെ അച്ചടക്കമില്ലാത്ത ജീവിതത്തെ കുറിച്ച് പറയുമ്പോഴുണ്ട്. 


ജയചന്ദ്രൻ നായർ ഒരുപാട് പേരുടെ ഗുരുവായി; കുറേക്കൂടി ശരിയായി പറഞ്ഞാൽ പലരും അദ്ദേഹത്തെ ഗുരുസ്ഥാനത്ത് കണ്ടു. അതിലൊരാളാണ് ഞാൻ. എന്നെ ഗദ്യകാരനാക്കിയത് ജയചന്ദ്രൻ സാറാണ് (അതേക്കുറിച്ചു ഞാൻ വിശദമായി എന്റെ ഡൽഹി ജീവിതത്തെ കുറിച്ച് മലയാളം വാരികയിൽ പ്രസിദ്ധീകരിച്ച ദീർഘലേഖനത്തിൽ എഴുതിയിട്ടുണ്ട്). ജയചന്ദ്രൻ നായരും ഒരുകാലത്ത് ചെറുപ്പമായിരുന്നു. കേരളത്തിൽ അനേകം പത്രങ്ങളും വാരികകളും വന്നു പോയി. അമ്പതുകൾ അതിന്റെ കാലമായിരുന്നു. മലയാളരാജ്യത്തിലാണ് ജയചന്ദ്രൻ നായർ പത്രപ്രവർത്തനം തുടങ്ങുന്നത്. തനിയ്ക്ക് ചുറ്റും കണ്ട മഹാരഥന്മാരെയും സാദാ പടയാളികളെയും അദ്ദേഹം ഓർത്തുവെച്ചു. അവരെക്കുറിച്ചെഴുതിയതെല്ലാം ഒരു കാലത്തിന്റെ കൂടി കഥയും മൂല്യവ്യവസ്ഥയും മനുഷ്യബന്ധങ്ങളുടെയും രാഷ്ട്രീയത്തിന്റെയും ചരിത്രവുമായി. 

അസാമാന്യമായ പാരായണക്ഷമതയുള്ള പുസ്തകമാണിത്. കേരളകൗമുദിയിൽ നായന്മാർക്ക് അധികം സ്ഥാനമില്ലെന്ന് പഴി മാറ്റാൻ എസ് ജയചന്ദ്രൻ എന്ന യുവാവിന് എസ് ജയചന്ദ്രൻ നായർ ആകേണ്ടി വന്ന കഥയും, വി എൻ നായർ എന്ന നരേന്ദ്രൻ നായർക്ക് വാലുവെട്ടി വെറും നരേന്ദ്രൻ ആകേണ്ടി വന്നതും ജയചന്ദ്രൻ സാർ വിശദീകരിക്കുന്നു; കാരണം ഡൽഹിയിൽ കേരളകൗമുദിയുടെ പ്രതിനിധി ഒരു ശ്രീനാരായണീയൻ ആയിരിക്കണം എന്ന തോന്നൽ ഉളവാക്കണമായിരുന്നു (നരേന്ദ്രൻ സാറിനെ കുറിച്ച് ജയചന്ദ്രൻ നായർ സാർ എഴുതുമ്പോൾ ഞാൻ ആ ലേഖനം ജീവിക്കുകയായിരുന്നു. കാരണം എന്റെ പത്രപ്രവർത്തന ജീവിതത്തിന്റെ വർഷങ്ങളിൽ ഐ എൻ എസ് ബിൽഡിങിന്റെ രണ്ടാം നിലയുടെ ഒരു മൂലയിലുള്ള നരേന്ദ്രൻ സാറിന്റെ മുറിയിൽ ഞാൻ ചെന്നിരിക്കാത്ത ദിവസങ്ങൾ ഇല്ലായിരുന്നു).


വൈക്കം ചന്ദ്രശേഖരൻ നായർ, ജി വിവേകാനന്ദൻ, കെ സുരേന്ദ്രൻ, കെ വി സുരേന്ദ്രനാഥ്, ജി കുമാരപിള്ള, തകഴി തുടങ്ങിയവരെ കുറിച്ചെഴുതുമ്പോൾ എത്ര സന്തുലിതമായാണ് ജയചന്ദ്രൻ നായർ ഓർമ്മകളെ അക്ഷരങ്ങളാക്കി മാറ്റുന്നത് എന്നത് അതിശയിപ്പിക്കുന്ന രചനാതന്ത്രം തന്നെയാണ്. സഹപ്രവർത്തകരെക്കുറിച്ചു പറയുമ്പോഴും ഗുരുസ്ഥാനീയരെക്കുറിച്ചു പറയുമ്പോഴും ഈ സന്തുലനം നമുക്ക് ഭാഷയിൽ അനുഭവപ്പെടും. ഓ വി വിജയൻ, അബു എബ്രഹാം, നമ്പൂതിരി തുടങ്ങിയ കലാകാരന്മാരെക്കുറിച്ചു പറയുമ്പോൾ കലയുടെ വിശാലലോകത്ത് നിന്ന് അവരെ സമീപിക്കുന്ന ഒരു എഴുത്തുകാരനെ കാണാം. വി കെ എന്നെ കുറിച്ചുള്ള പരാമർശങ്ങൾ ഉണ്ടെങ്കിലും അദ്ദേഹത്തെക്കുറിച്ചൊരു അധ്യായം ഇല്ലാത്തത് വിചിത്രമായി തോന്നി. 


എല്ലാ കലാകാരന്മാരിലും എഴുത്തുകാരിലും ഒരു ഫാലസി അഥവാ ഒരു കുഴപ്പം ഉണ്ടായിരുന്നതായി നമുക്ക് ഈ ലേഖനങ്ങൾ വായിക്കുമ്പോൾ മനസ്സിലാകും. പുറത്തറിയിക്കാത്ത ഒരു ദുഃഖത്തിന്റെ ഒരു അടര് ഈ എഴുത്തുകാരിലെല്ലാം ഉണ്ടായിരുന്നതായി ജയചന്ദ്രൻ സാർ തിരിച്ചറിഞ്ഞിരുന്നു. ഈ പുസ്തകത്തെ ബന്ധിക്കുന്നത് മനുഷ്യരിലെ അഗാധമായ ഈ ദുഃഖമാണ്. ചിലപ്പോൾ ഈ ദുഃഖം അനുഭവിക്കുന്നത് കഥാനായകരല്ല, എഴുത്തുകാരനായ ജയചന്ദ്രൻ നായർ തന്നെയാണ്. ഒരുപാട് ആകാൻ കഴിയുമായിരുന്നപ്പോഴും അത്രയൊന്നും ആകാതെ പിരിഞ്ഞു പോയ മനുഷ്യർ. ഈ പുസ്തകം മരിച്ചവരെ ഓർത്തുകൊണ്ടും, ജീവിച്ചിരിക്കുന്നവരെ ഒന്നുകൂടി ഓർമ്മപ്പെടുത്തിയുമാണ് വളർന്നിരിക്കുന്നത്. ഒരുപക്ഷെ ഇന്ന് വായിക്കുമ്പോൾ ഇതിലെ മിക്കവാറും എല്ലാവരും തിരശ്ശീലയ്ക്കുള്ളിൽ മറഞ്ഞു കഴിഞ്ഞവരാണ്. ഈ പുസ്തകം അങ്ങനെ ഒരു മനോഹരവും അതിശയമുളവാക്കുന്നതുമായ ഒരു സെഫൾക്കർ ആണെന്ന് പറയാം. അതിനുമുന്നിൽ നമ്രശിരസ്കരാവുകയാണ് എഴുത്തുകാരനൊപ്പം വായനക്കാരും

ബുക്ക് വാങ്ങാൻ ഈ ലിങ്കിൽ ക്ലിക് ചെയ്യുക

Leave a Reply