ഉടലുയിർതാനും പൊയ്യെ…

ഉടലുയിർതാനും പൊയ്യെ…

കമലൻ കുമാരൻ

അതെ! ഉടലും ഉയിരും പോലും മായയാണ്. ഉടലിൽ ഉയിര് ചേരുമ്പോഴാണ് ജന്മത്തിന്റെ തുടക്കം. ചഞ്ചലമായ ആ ജന്മം എത്ര നാൾ? ഒരുനാൾ അത് മായപോലെ മറഞ്ഞുപോകും. ഉടലും ഉയിരും രണ്ടാകുമ്പോൾ ജന്മത്തിന്റെ വാസ്തവികത ഇല്ലാതാവും…….. ……………… ജീവൻ പോയെന്നുകരുതിയോ ഉടൽ പോയെന്നുകരുതിയോ എന്തിനുവേണ്ടിയാണ് അജ്ഞാനികളെ നിങ്ങൾ വിലപിക്കുന്നത്?. ഉയിരിനെ ആരും അന്നും കണ്ടിട്ടില്ല ഇന്നും കണ്ടിട്ടില്ല.. *ചാതിയുമൊന്റേയാകും *ഈശ്വര സൃഷ്ടിയായ മനുഷ്യന് ജാതി ഒന്നേയുള്ളു. സൃഷ്ടാവായ ഈശ്വരന്റെ മുന്നിൽ എല്ലാ മനുഷ്യരും സമന്മാരാണ്. മനുഷ്യർ ഈശ്വര സൃഷ്ടിയായതുകൊണ്ടു തന്നെ ഒരേ ജാതിയുമാണ്……. മഴ ചില ആൾക്കാരെ മാത്രം മാറ്റിനിർത്തി പെയ്യുമോ?. കാറ്റ് ചിലർക്ക് മാത്രമായി വീശുമോ? വിശാലമായ ഭൂമി താണ ജാതിക്കാരെ വഹിക്കാൻ വിസമ്മതിക്കുമോ? സൂര്യൻ ചിലർക്ക് ചൂട് തരില്ലെന്ന് പറയുമോ? ………വേദം പഠിച്ചുയർന്ന ജാതിക്കാർക്ക് ആഹാരം നാട്ടിലും താഴ്ന്ന ജാതിക്കാർക്ക് ആഹാരം കാട്ടിലുമാണോ? കുലവും ഒന്ന്, കുടുംബവും ഒന്ന്, മരണവും ഒന്ന്, ജനനവും ഒന്ന്, വണങ്ങുന്ന ദൈവവും ഒന്ന്……. പാച്ചല്ലൂർ ഗ്രാമത്തിൽ സുന്ദരിയായ ഒരു ബ്രാഹ്മണസ്ത്രീയും അവരുടെ ഭർത്താവും മകനും വസിച്ചിരുന്നു. മകൻ അച്ഛനെപ്പോലെ വേദശാസ്ത്ര പണ്ഡിതനും ഉത്പതിഷ്ണുവും ആയിരുന്നു. അങ്ങനെയിരിക്കെ ഒരുനാൾ കുടുംബനാഥൻ മരണപ്പെട്ടു. അന്നത്തെ ആചാരമനുസരിച്ചു ഭർത്താവിന്റെ ചിതയിൽ ചാടി സതി അനുഷ്ഠിക്കാൻ ആ സാധു ബ്രാഹ്മണസ്ത്രീ തയ്യാറായി . മകൻ അമ്മയെ തടഞ്ഞു. രോഷംപൂണ്ട ബ്രാഹ്മണന്മാരുടെ വാദങ്ങളെ അവൻ എതിർത്തു. സതി നടന്നില്ല. അമ്മയും മകനുമടങ്ങുന്ന കുടുംബത്തെ അവർ ഒറ്റപ്പെടുത്തി.

പക തീരാതെ യുവതിയായ അമ്മയെയും മകനെയും ചേർത്ത് അവർ അപവാദങ്ങൾ പറഞ്ഞുപരത്തി. മനസ് മുരടിച്ച മകൻ ഒരു സത്യാന്വേഷിയായി കരമാനയാറിന്റെ (വനമാലി)കരയിൽ സ്നാനാ അനുഷ്ഠാനങ്ങൾക് പോയിക്കൊണ്ടിരുന്നു. അങ്ങനെയിരിക്കെ ആ ബ്രാഹ്മണയുവാവ് അവിടെ കാലിമേക്കുന്ന ഒരുവളെ കാണുക പതിവായി. താണ ജാതിയിൽ പിറന്ന ആ സുന്ദരിക്കുട്ടി പാടിയിരുന്ന നാടൻ ചിന്തുകളിൽ താൻ ആർജിച്ച ആത്മജ്ഞാനത്തിന്റെ പരിസ്ഫുരണം അവൻ കണ്ടു. ക്രമേണ അവർതമ്മിൽ അടുത്തു പ്രണയബദ്ധരായി. ഏകാന്തസ്ഥലികളിൽവെച്ച് അവൻ അവൾക്കു വേദസാരം പകർന്നുകൊടുത്തു. അമ്മ എതിർത്തില്ല. ഗ്രാമീണർ അടങ്ങിയിരിക്കുമോ? അവർ വെകിളി പിടിച്ചലറി. ജീവാപായം സംഭവവിക്കുമെന്നറിഞ്ഞപ്പോൾ അമ്മയും മകനും അവളുടെ കുടിലിൽ അഭയം തേടി. ബ്രാഹ്മണർ ആ കുടിലിലും ആക്രമിക്കാൻ എത്തി. എന്നാൽ പറയകുലത്തിൽ പിറന്ന ആ തരുണീമണിയിൽ നിന്ന് തന്റെ വേദജ്ഞാനം വെളിപ്പെടുത്തിയപ്പോൾ ബ്രാഹ്മണർ അമ്പരന്നു. പിന്തിരിഞ്ഞ ബ്രാഹ്മണർ നാടുവാഴിയെ തെറ്റിദ്ധരിപ്പിച്ചു അമ്മയെയും മകനെയും ഭ്രഷ്ടരാക്കി. ഈ കഥയെ ഉപജീവിച്ചു പതിനാലാം നൂറ്റാണ്ടിൽ പാച്ചല്ലൂരിൽ ജീവിച്ചിരുന്ന ആത്മജ്ഞാനിയും കവിയുമായ ശിവയോഗി രചിച്ചതാണത്രേ പാച്ചല്ലൂർ പതികം അഥവാ തിരുവല്ലം പതികം. 

ഈ മനോഹര കാവ്യത്തിന്റെ പഠനവും വ്യാഖ്യാനവും നിർവഹിച്ചിട്ടുള്ളത് പാച്ചല്ലൂർ  പി. ദേവരാജനാണ്. നമസ്കാരം സാർ. 2012ലാണ് ഇതിന്റെ ആദ്യ പതിപ്പു ഇറങ്ങിയത് അന്ന് തന്നെ ഈ പുസ്തകം എന്റെ ബുക്ക് ഷെൽഫിൽ ഇടം പിടിച്ചു. കാലിക പ്രസക്തിയുള്ള ഈ ഉത്കൃഷ്ട കാവ്യത്തെ സന്തോഷത്തോടെ ഏവരും നെഞ്ചിലേറ്റുമെന്നു വിശ്വസിക്കുന്നു.

ബുക്ക് വാങ്ങാൻ ഈ ലിങ്കിൽ ക്ലിക് ചെയ്യുക

This Post Has One Comment

  1. Rosh

    പച്ചല്ലൂർ പതികം copy ഉണ്ടോ
    ഉണ്ടെങ്കിൽ call me or watsup 8089628240

Leave a Reply