ജയന്റെ അജ്ഞാതജീവിതം

ജയന്റെ അജ്ഞാതജീവിതം

ഹരികൃഷ്ണൻ രവീന്ദ്രൻ

കഴിഞ്ഞ വർഷം വായിച്ചതിൽ ഏറ്റവും ഇഷ്ടപ്പെട്ട പുസ്തകങ്ങളിൽ ഒന്നായിരുന്നു ശ്രീ എസ് ആർ ലാലിന്റെ “സ്റ്റാച്യു പി ഒ” എന്ന നോവൽ…കേവലം കഥാമനനത്തിനപ്പുറം വൈകാരികതകളുടെ വേലിയേറ്റങ്ങൾ തീർത്ത ആ രചന തികച്ചും തെളിച്ചമുള്ള ഒരു വായനനാനുഭവമായിരുന്നു സമ്മാനിച്ചത്. എഴുത്തുക്കാരന്റെ ഏറ്റവും പുതിയ നോവലാണ് “ജയന്റെ അജ്ഞാതജീവിതം”. പുസ്തകം ഇറങ്ങിയ അന്ന് തന്നെ കരങ്ങളിൽ എത്തിയെങ്കിലും കരങ്ങളിൽ നിന്നും നയനങ്ങളിലേക്കുള്ള മനനയാത്ര സംഭവിച്ചത് ഇപ്പോഴാണ്. സമയമാകുമ്പോ പുസ്തകങ്ങൾ നമ്മെ അവ ഒളിപ്പിച്ച് വച്ചിരിക്കുന്ന അത്ഭുതലോകത്തേക്ക് കൂട്ടി കൊണ്ട് പോകുക തന്നെ ചെയ്യും…!!ജയന്റെ അജ്ഞാതജീവിതം എന്ന ഈ നോവലിൽ സിനിമാ നടന്റെ അജ്ഞാതമായ ജീവിതത്തോടൊപ്പം ഒരു കൂട്ടം മണ്ണിൽ ചവിട്ടി നിൽക്കുന്ന ചില മനുഷ്യരുടെ കൂടി കഥയാണ്..ചങ്ങല കണ്ണികൾ പോലെ ചിലരുടെ കഥകൾ കോർത്തിണക്കിയതിന് ബലം പകരുന്നത് ആദ്യാവസാനം നിറസാനിധ്യമാകുന്ന കൃഷ്ണൻ നായർ എന്ന ജയൻ എന്ന നടന് അതിനേക്കാൾ ഉപരി ജയൻ എന്ന മനുഷ്യനാണ്…ചരിത്രവും, രാഷ്ട്രീയവും, സിനിമയും, നർമ്മവും, പ്രണയവും, യാഥാർത്ഥ്യവും, ഭാവനയും എല്ലാം ചേർന്ന മാസ്മരികാനുഭവം….!!


കഥ നടക്കുന്നത് തിരുവനന്തപുരം ജില്ലയിലെ ഒരു ഉൾനാടൻ ഗ്രാമപ്രദേശത്താണ്..കഥ തുടങ്ങുന്നതാകട്ടെ അടിയന്തരാവസ്ഥ കാലത്തും..സിനിമയിലാണെങ്കിൽ ആ സമയം നാളത് വരെ കണ്ട നായകസങ്കൽപങ്ങളെ എല്ലാം ഇല്ലാതാക്കി,പുതിയ യുഗത്തിന് പിറവി കൊടുക്കുമാറ് ഉദയം ചെയ്ത ജയൻ എന്ന നടന്റെ അരങ്ങേറ്റം കുറിക്കുന്ന സമയവും. ഗൗതമൻ എന്ന ബാലൻ അച്ഛന്റെ കൂടെ അജ്ഞാതജീവിതത്തിനായി ആ നാട്ടിലേക്ക് വരുന്നതും,അവിടത്തെ ആളുകളുടെ ക്രയവിക്രിയകളും,രാഷ്ട്രീയ സിനിമാ സാമൂഹിക മാറ്റങ്ങളും ഒക്കെ വിഷയങ്ങളായി വരുന്ന നോവൽ ഒരു കാലഘട്ടത്തിന്റെ നന്മയും തെളിമയും കടുവിട നഷ്ടപ്പെടാതെയുള്ള പുനരാവിഷ്ക്കാരമാണ്…ഇന്നിന്റെ ലോകത്തിൽ അന്യമായി മാറിയ ആ വസന്തകാലത്തിന്റെ പുനഃസൃഷ്ടി….!!!


പഴയ ആ സി ക്ലാസ് സിനിമാ ടാക്കീസും,സിനിമാ അനൗൺസ്മെന്റും,തീയേറ്ററിലെ ബെഞ്ചിലിരിപ്പും,സിനിമ തുടങ്ങുന്നതിന് മുൻപുള്ള കോളാമ്പിയിലെ സിനിമാപാട്ടുകളും,സ്കൂളിലെയും കവലിയിലെയും വൈകിയെത്തുന്ന വാർത്തകൾക്ക് പിന്നിലുള്ള കേട്ട് കേൾവികളാകുന്ന ഗോസിപ്പുകളും,അടിയുറച്ച രാഷ്ട്രീയവും,കളങ്കമില്ലാത്ത ആദർശങ്ങളും,ലാഭേച്ഛ പ്രതീക്ഷാത്ത സേവനങ്ങളും,ആരാരും അറിയാതെ പോകുന്ന വാസനകളും വികാരങ്ങളും അങ്കപുറപ്പാടുകളും…അത്യാനുധിക സാങ്കേതികങ്ങളുടെ കടന്ന് കയറ്റത്തിൽ ഇല്ലാതായി തീർന്ന ചില ചരിത്രരേഖകൾ,മൺമറഞ്ഞ് പോയ യാഥാർത്ഥ്യങ്ങൾ….!!!
ഗൗതമൻ എന്ന നായകൻ അവന്റെ ടോമിയെന്ന നായയും ആ പുതു സ്ഥലത്തിലെ ചാമി എന്ന മനുഷ്യനും അവരുടെ യാത്രകൾ..മാറി മറിയുന്ന ജീവിതങ്ങൾ…അപ്രതീക്ഷിതങ്ങളായ അനുഭവങ്ങൾ ..അരങ്ങിൽ അനവധി ജീവനുള്ള കഥാപാത്രങ്ങൾ ജീവിച്ച് തകർക്കുമ്പോളും ഇവരാണ് കഥയെ മുഖ്യമായും തോളേറ്റി മുന്നോട്ടേക്ക് നയിക്കുന്നത്. ആദ്യ സിനിമ മുതൽ ജയന്റെ ആരാധകനായി മാറിയ ചാമി,പോകെ പോകെ ആരാധന ഒരു തരം ഭ്രാന്തായി മാറി ജയനെ ഏത് വിധേനയും കണ്ടെ അടങ്ങൂ,സംസാരിച്ചേ പറ്റൂ എന്ന ഉറച്ച തീരുമാനത്തിൽ സംഭവിക്കുന്ന സാഹസങ്ങൾ,കത്തയക്കലുകൾ,ആകെ ഉള്ള സൈക്കിളിൽ അങ്ങോളമിങ്ങോളം നടത്തുന്ന യാത്രകൾ…ജയൻ എന്ന വിസ്മയം സിനിമാ നടൻ എന്ന മേലങ്കി മാറ്റി വച്ച് സാധാരണ മനുഷ്യനായി മാറുമ്പോ അദ്ദേഹത്തിന്റെ ജീവിത സംഘർഷങ്ങളും,ജീവിതയാഥാർത്ഥ്യങ്ങളുടെയും സിനിമാസ്വപ്നങ്ങളുടെയും ഇടയിൽ അനുഭവിച്ച മാനസികവ്യഥകളും,സാധാരണക്കാരായ ആരാധകരോടുള്ള അദ്ദേഹത്തിന്റെ കരുണ….മറ്റാർക്കും അവകാശപ്പെടുവാനാവാത്ത ചില യോഗ്യതകൾ ഉള്ളത് കൊണ്ടായിരിക്കുമല്ലോ ചിലരെന്നും ചിരഞ്ജീവികളായി നിലനിൽക്കുന്നത്…!!!


ജയന്റെ അജ്ഞാതജീവിതം,സിനിമാ ജീവിതത്തിന്റെ തുടക്കം മുതൽ അക്ഷരാർത്ഥത്തിൽ  കോളിളക്കം തന്നെ സൃഷ്ടിച്ച കോളിളക്കം സിനിമ വരെ,ആ അനശ്വര നടന്റെ ദേഹവിയോഗം വരെ അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതത്തിലെ മുഹൂർത്തങ്ങളിലൂടെയും കടന്ന് പോകുന്ന കൃതിയിൽ ജയൻ യുഗമായിരുന്ന ആ ചുരുങ്ങിയ സമയത്തിന്റെ ആ ചൂരും ചൂടും അനുഭവിച്ച ഇന്നും ജീവിക്കുന്ന ചില മനുഷ്യരുടെ ആവേശവും ആശാവഹവുമായ ജീവിതങ്ങൾ വരച്ച് കാട്ടുന്നു..ജയന്റെ മാത്രം അജ്ഞാതജീവിതത്തിന്റെ കഥയല്ല ഇത്,എന്റെയും നിങ്ങളുടെയും എല്ലാവരുടെയുമാണ്….!!


എല്ലാവരുടെ ജീവിതത്തതിലും ഉണ്ടാകും അജ്ഞാതജീവിതങ്ങൾ…ഒരുവനെ ബലവാനോ ക്ഷീണിതനോ ആക്കുന്ന,വിജയിയോ പരാജിതനോ ആക്കുന്ന,ഉയർച്ചയോ താഴ്ച്ചയോ സമ്മാനിക്കുന്ന അവനവനിൽ മാത്രം ഒതുങ്ങുന്ന ചില അജ്ഞാതജീവിതങ്ങൾ…വിധിയേയും കാലത്തെയും ഭാഗ്യത്തെയും എളുപ്പത്തിൽ പഴി ചാരി സ്വയം ഒഴിഞ്ഞ് മാറാമെന്നിരിക്കേ അവന്റെ തന്നെ തീരുമാനങ്ങളാണ്,മനസ്സിന്റെ ഉറച്ച ഉറപ്പുകളാണ് മേൽ പറഞ്ഞതിൽ അനുകൂലങ്ങൾ ഉണ്ടാക്കുക എന്നത് ഒരു സത്യം മാത്രം….!!!


തീർത്തും പുതുമയും തെളിമയും ഉള്ള ഒരു വായനനാനുഭവം സമ്മാനിക്കുന്ന കൃതിയാണ് “ജയന്റെ അജ്ഞാതജീവിതം”. ഈ ചൂടൂ കാലത്ത് നല്ല ഉശിരൻ മഴ കിട്ടുമ്പോളുള്ള സുഖം പോലെ മനസ്സിനെ തണുപ്പിക്കുന്ന നല്ല കുളിർമ്മയുള്ള പാവം പുസ്തകം…ആശംസകൾ

കടപ്പാട്: ഫേസ്ബുക്

ബുക്ക് വാങ്ങാൻ ഈ ലിങ്കിൽ ക്ലിക് ചെയ്യുക

Leave a Reply