ബുദ്ധനായി അങ്ങുണ്ടല്ലോ, പിന്നെ ഞങ്ങളും എന്തിന് ബുദ്ധരാകണം

ബുദ്ധനായി അങ്ങുണ്ടല്ലോ, പിന്നെ ഞങ്ങളും എന്തിന് ബുദ്ധരാകണം

മടുപ്പും വിരസതയും വർണ്ണരഹിതമാക്കുന്ന മരുഭൂമികളിലാണ്
ഒരു ബുദ്ധനുവേണ്ടിയുള്ള കാത്തിരിപ്പ് തുടങ്ങുന്നത്. മരവിച്ച്
ഹൃദയമിടിപ്പു പോലും നിശ്ചലമായിപ്പോകുന്ന നിമിഷം. എന്നാൽ
ഒരു മടുപ്പുമില്ലാതെ തഥാഗതൻ നടന്നു പിന്നിട്ടത് എത്രയോ ഏറെ
ദൂരമാണ്. ചരിത്രത്തിലെ ബുദ്ധനെ നമുക്ക് എവിടെയാണ് കണ്ടെ
ത്താനാകുക? ബീഹാറിലെയും ഉത്തർപ്രദേശിലെയും പഴയ
ബുദ്ധഭൂമികളെല്ലാം ബുദ്ധനെ മറന്നു. ചരിത്രത്തിന്റെ പുകമറകൾ
ക്കുള്ളിൽ ശ്വാസംമുട്ടിക്കഴിയുന്ന ബുദ്ധനാണിനിയുള്ളത്. മനു
ഷ്യന്റെ ഈ ശ്വാസംമുട്ടൽ ഇല്ലാതാക്കാനാണ് ഒരു നീണ്ട ജീവിത
കാലമത്രയും ബുദ്ധൻ ശ്രമിച്ചത്.


“ഞാനാരാണ്’ എന്നു ചോദിക്കാനല്ല, “ഞാൻ ഇല്ല’ എന്നു പറയാ
നുള്ള പരിശീലനമാണ് അദ്ദേഹം അനുയായികൾക്കു നൽകിയത്.
അനാത്മദർശനം. ആത്മാവിന്റെ ഭാരം മനുഷ്യർ തലയിൽ കയറ്റി
വെച്ച് വലയേണ്ടതില്ലെന്ന് തഥാഗതൻ കരുതി. എന്നിട്ടും, നമ്മുടെ
ചോദ്യങ്ങൾ അവസാനിക്കുന്നില്ല. “എന്താണ് ജീവിതത്തിന്റെ
അർത്ഥം’, ജീവന്റെ രഹസ്യം?


ചോദ്യങ്ങളിൽ നിറയുന്നത് ഭ്രാന്താണ്. ഒഴുക്കിനെതിരായ
നീന്തലായാണ് ജീവിതം മുമ്പിൽ നിന്ന് ഭയപ്പെടുത്തുന്നത്. കണ്ണു
കളിൽ നിറയെ നിസ്സഹായതയും ഭീതിയുമാണ്. പകുതി ജീവിക്കലും
പകുതി അഭിനയിച്ചു തീർക്കലും. സങ്കടക്കടലിനുമുമ്പിൽ പകച്ചു
നിൽക്കുമ്പോഴാണ് ദൂരെനിന്നും ശാക്യമുനി ഗോതമബുദ്ധൻ
നടന്നു വരിക. ചുണ്ടിന്റെ കോണിൽ ആരും കാണരുതെന്ന് നിശ്ച
യിച്ച് ഒളിപ്പിച്ചുവെച്ച മന്ദഹാസം. ഹൃദയത്തിന്റെ ആഴങ്ങളിലേക്ക്
അതിവേഗം കടന്നു പോകുന്ന നോട്ടം. ലോകം ഇപ്പോഴും കാത്തിരി
ക്കുന്ന ബുദ്ധപ്രകാശം.


തഥാഗതൻ നമ്മുടെയും മനസ്സിന്റെ ഭാഗമാണ്. കോസലത്തിലും
മഗധത്തിലും വജ്ജിയിലും ശാക്യനാട്ടിലുമായി നമുക്കും അങ്ങനെ
വെറുതെയൊരു പൂർവജീവിതം സങ്കൽപ്പിക്കാം. തഥാഗതനുള്ള
നാടും കാലവും. “ആനന്ദാ’ എന്ന വിളി നമ്മോടുംകൂടിയാണ്.
തലമുണ്ഡനം ചെയ്തവരുടെ മഞ്ഞക്കടലിനു മധ്യത്തിൽ ഉദയ
സൂര്യന്റെ ശോഭയോടെയാണ് തഥാഗതൻ നിൽക്കുക. പതിവു
പോലെ ആ ചുണ്ടുകൾ മന്ത്രിച്ചു, “വരൂ, ഭിക്ഷു’. എന്നാൽ അപ്പോൾ Books
നാം അശക്തരായിപ്പോകും. മോഹക്കുരുക്കുകൾ അഴിച് യഥ ച് ാർത്ഥ
ആഹ്ലാദം മറ്റൊന്നാണെന്ന തിരിച്ചറിവു നൽകിയ ഗുരോ, മോഹ
വലയത്തെ ഭേദിക്കാനുള്ള കരുത്തു ഞങ്ങൾക്കില്ല’. അങ്ങനെ
യാകും മനസ്സിൽ അപ്പോൾ നാം പറയുക. മോഹമുക്തിയാണ്
ബുദ്ധധർമ്മമെന്നൊരു ധാരണയിൽനിന്നുള്ളതാണ് ഈ വാക്കു
കൾ. മോഹങ്ങളില്ലാതാകുന്നിടത്താണ് ബുദ്ധനുണ്ടാകുന്നത്
എന്ന ചിന്തയാണത്. എന്നാൽ, അങ്ങനെയാണതെന്ന് തോന്നിപ്പി
ക്കുന്നതും ഒരുതരം മതിഭ്രമമാണ്. ബുദ്ധൻ എന്തല്ല എന്നാണ്
ആദ്യം അറിയേണ്ടത്. അപ്പോഴേ ബുദ്ധനാരാണെന്ന അറിവിലേക്കെ
ത്താനാകൂ.


അങ്ങനെയാണെങ്കിൽ, ആസക്തിയുടെ പ്രലോഭനത്തെപ്പറ്റി
ബുദ്ധൻ പറഞ്ഞതോ? നിരാസക്തിയുടെ മാതൃകയായിരുന്നല്ലോ
ബുദ്ധജീവിതം. രാജാധികാരത്തിന്റെ പങ്കുതരാമെന്ന ബിംബിസാ
രന്റെ വാഗ്ദാനം നിരസിക്കാൻ കഴിയുന്നതും ബുദ്ധൻമാർക്കാണ്.
ഗണികപ്രമുഖരായ അമ്രപാലിമാരുടെ വലയിൽ കുരുങ്ങുന്ന
പാവം മത്സ്യങ്ങളുടെ കഥയോ? അവരുടെ ജീവിതങ്ങളെ ഉന്മത്ത
മാക്കുന്നത് ആസക്തിയും പകയുടെ ഉഗ്രവിഷവും കത്തി
പുറകിലൊളിപ്പിച്ച് ചിരിക്കുന്ന വഞ്ചനയുമാണ്. അതിനാലാണ്
തഥാഗതനു മുമ്പിൽ നമുക്ക് കുറ്റബോ ധത്തോടുകൂടി നിൽക്കേണ്ടി
വരുന്നത്. എന്നാൽ ജീവിതത്തെ ചലിപ്പിക്കുന്ന ഊർജ്ജമായ
മോഹത്തെ ഒഴിപ്പിച്ച് ലോകത്തെ തണുത്തുറഞ്ഞ ഒരു നിശ്ചല
ദൃശ്യമാക്കാൻ തഥാഗതൻ ആഗ്രഹിച്ചിരുന്നിരിക്കുമോ? മോഹനിഗ്രഹ
മാണ് ബുദ്ധധർമ്മമെന്ന ധാരണ ചരിത്രം സൃഷ്ടിച്ച തെറ്റിദ്ധാരണകളി
ലൊന്നാണ്. എന്നാൽ അപ്പോഴും നമ്മുടെ മനസ്സ് പറയും—-
“ബുദ്ധനായി അങ്ങുണ്ടല്ലോ, പിന്നെ ഞങ്ങളും എന്തിന് ബുദ്ധ
രാകണം.’


എന്നാൽ, യഥാർത്ഥത്തിൽ എല്ലാവരും സ്വയം ബുദ്ധരാകുക
എന്ന സാധ്യതയെയാണ് ബുദ്ധൻ തുറന്നു തന്നത്. രക്ഷകരുടെ
സഹായമൊന്നുമില്ലാതെ ഉള്ളിലെ ബുദ്ധനെ കണ്ടെത്തൽ. കാണു
ന്നതിനെയൊന്നും മനുഷ്യർ യഥാർത്ഥത്തിൽ തിരിച്ചറിയുന്നില്ലെന്ന
തായിരുന്നു പ്രശ്നം. അവിവേകമാണ് കാഴ്ചയെ മറക്കുന്നത്.
അത് പ്രജ്ഞ എന്ന ഉൾക്കാഴ്ചയാണ്. അങ്ങനെ ഒരോരുത്തരും
അവരവരുടെ ബുദ്ധനാകുമ്പോൾ ലോകത്തിൽ അനേകം
ബുദ്ധൻമാരാണുണ്ടാകുക. പുതിയ പുതിയ ബുദ്ധൻമാർ ജീവിത
ത്തിന് പുതിയ പുതിയ അർത്ഥങ്ങൾ നൽകിക്കൊണ്ടിരിക്കും.
ജീവിതചക്രത്തെ ചവുട്ടിക്കറക്കുന്ന ബുദ്ധൻമാർ. രാജ്യം ഭരിക്കുന്ന
ബുദ്ധൻമാർ, ഇണചേരുന്ന ബുദ്ധൻമാർ, ഫാക്ടറിയിലും പാടത്തും
പണിയെടുക്കുന്ന ബുദ്ധൻമാർ, സമരം ചെയ്യുന്ന ബുദ്ധൻമാർ. 

(ബോബി തോമസ്സിന്റെ ശ്രമണബുദ്ധൻ എന്ന പുസ്തകത്തിൽ നിന്നും….)

ബുക്ക് വാങ്ങാൻ ഈ ലിങ്കിൽ ക്ലിക് ചെയ്യുക

Leave a Reply