ഒറ്റ നിലവിളി

ഒറ്റ നിലവിളി

സാവിത്രി രാജീവൻ 

നാലാൺ കാലുകൾക്കിടയിലാണ് 
ഭൂമിയിലെ നരകമെന്ന്
വാക്കുകൾ ഇല്ലാത്ത ഒരൊറ്റ നിലവിളി
ചുമരുകൾ തുളച്ചു പാഞ്ഞു പോയി
കോട്ടമതിലുകളിൽ വിള്ളലേൽപ്പിച്ചു കൊണ്ട്

അതൊരു പെൺകുഞ്ഞിന്‍റെ
അവസാന ശ്വാസക്കാറ്റായിരുന്നു.
കംസന്‍റെ കൈവിട്ടുയർന്ന പിഞ്ചു പെൺകുഞ്ഞെന്നപോലെ
അവളുടെ ഉടൽവിട്ടുയർന്നൂ ഉയിർ;
മേൽക്കൂരയും
താഴികക്കുടങ്ങളും തുളച്ചുകൊണ്ട്
മാനം പിളർന്നു കൊണ്ട്

പൊട്ടിപ്പിളർന്ന ചുഴലികൊടുങ്കാറ്റു പോലെ
ആ ശ്വാസക്കാറ്റ്,
അത്
ദേവാലയങ്ങൾ കയറിയിറങ്ങി, 

ദൈവങ്ങളോടിരക്കാനല്ല
പ്രാർത്ഥിക്കാനല്ല
പ്രവാചകരെ കാണാനല്ല
അവളുടെ കാലുകൾ രണ്ടായി കീറിയും
ദണ്ഡുകൾ ആഴ്ത്തിയും
ശിരസ്സരിഞ്ഞ് അമ്മാനമാടിയും
രസിച്ചവർ
നിൻറെ രൂപത്തിൽ
നിൻറെ നാമത്തിൽ
നിർമ്മിക്കപ്പെട്ടവരാണെങ്കിൽ
ദൈവമേ,
നീ മരിച്ചവർക്കു തുല്യം എന്ന്
ദൈവത്തോട് പറയാനാണ്
ദൈവമേ 
നീ ഇനി ഇല്ലാതായിരിക്കുന്നൂ എന്ന് പറയാനാണ്.

വാക്കുകൾ ഇല്ലാത്ത
ഒരൊറ്റ നിലവിളിച്ചീന്തിനാൽ
നാലാൺ കാലുകൾക്കിടയിലാണ് 
ഭൂമിയിലെ നരകമെന്ന്
അതിപ്പോൾ 
നമ്മുടെ മേൽ ചോരയിറ്റുന്നു

This Post Has One Comment

  1. ഹരിദാസൻ

    കവിത സത്യത്തിലേക്ക് മിഴി തുറക്കുന്നു. ശക്തമായ കവിത.

Leave a Reply